ബ്ലൂ ബെറി


നാളെ റിലീസ് ഉണ്ട്. ഒന്ന് രണ്ട് ഇഷ്യൂസ് എനിക്ക് അസ്സൈന്‍ ചെയ്തിട്ട് ഒരാഴ്ചയായി, കാര്യമായ ഔട്ട്‌പുട്ട് ഒന്നുമില്ല. ട്വീറ്റ് ഒഴിഞ്ഞിട്ട് കാശിക്കു പോകാന്‍ നേരമില്ലാത്തോണ്ടാണെന്ന് തെറ്റിദ്ധരിക്കരുത്. സത്യം പറഞ്ഞാല്‍, എല്ലാം വെറും കൂതറ ഇഷ്യൂസ് ആണ്. അല്ലേല്‍ ഇങ്ങനെ ഉണ്ടോ ഒരു ഇഷ്യൂ? ഓണ്‍സൈറ്റില്‍ മാത്രേ കിട്ടത്തുള്ളൂ. എന്നിട്ട് അതിന്റെ ലോഗും അയച്ചു തന്നിട്ടുണ്ട്. നമ്മുടെ പണി സിമ്പിളാണ്. ഈ ലോഗ് നോക്കി ഊഹം വച്ച് ഇന്ത്യ റോക്കെറ്റ്‌ വിടുന്നപോലെ ഒരു ഫിക്സ് അങ്ങ് ചെയ്തേക്കണം. പിന്നെ വരുന്നിടത്ത് വച്ച്. പക്ക്ഷേ ഇതൊക്കെ പറഞ്ഞാ ആ മോഡ്യൂള്‍ ലീഡ് എന്ന് പറയുന്ന ആ അല്ലെങ്ങില്‍ വേണ്ട, മാന്യന് മനസ്സിലാകുമോ? ആ! അത്യാവശ്യം ഒക്കെ മനസ്സിലാവും എന്ന് തോന്നുന്നു. അല്ലെങ്ങില്‍ എപ്പോഴേ പറയത്തില്ലായിരുന്നോ: “കൊറേ നേരമായല്ലോ വച്ചോണ്ടിരിക്കുന്നു, പറ്റത്തില്ലെങ്ങി കളഞ്ഞിട്ടു പോടേ!”

ഹാവൂ! ആശ്വാസായി! ആരുടെയൊക്കെയോ പുണ്യം കൊണ്ട് ഒരെണ്ണം അങ്ങ് ഫിക്സ് ആയി. പക്ഷെ എന്ത് പറയാനാ? സമയം നോക്കിയപ്പോ ആറുമണി. ആറുമണിക്ക് മുമ്പ് കോളേജില്‍ ചെന്നില്ലെങ്ങില്‍ അറ്റണ്ടന്‍സ് രെജിസ്റ്ററില്‍ ഒപ്പിടാന്‍ സമ്മതിക്കില്ല അവിടത്തെ പ്രിന്‍സിപ്പാള്‍! ഓ! ഇനീപ്പോ പോയിട്ടെന്താ കാര്യം? ഇന്ന് PSPC ഇല്ല അതുകൊണ്ട് ഒരു രസമുണ്ടാവില്ല (ആ വിഷയം എടുക്കുന്ന സുന്ദരിയായ ടീച്ചറെ നോക്കിയിരിക്കുന്ന കാര്യമല്ല ഉദ്ദേശിച്ചത്. സത്യായിട്ടും!) കുറെ നാളായി പഴേ ചായകുടി സംഘത്തില്‍ റിപ്പോര്‍ട്ട്‌ ചെയ്തിട്ട്. പണ്ട് സ്ഥിരമായി പോവാറുള്ളതല്ലേ? എത്രനാളായി ആ ചിക്ക് കിങ്ങിലും, പാഷന്‍ ഫ്രൂട്ടിലും പോയി അലംബുണ്ടാക്കിയിട്ട്? അല്ലേലും വിനയകുന്ന്വിതനായി നില്‍ക്കുന്ന സപ്ലയറെ ചുമ്മാ ചൊറിഞ്ഞു തെറിവിളിപ്പിക്കുക എന്ന് പറയുന്നത് ഒരു കലയാണ്‌.

അങ്ങനെ സ്വപ്നം കണ്ടിരിക്കുംബോഴാ വേറൊരു പണി കിട്ടിയത്. അപ്പോഴേക്കും ചായകുടി സംഘം മുകളിലേക്ക് വിട്ടിരുന്നു. പണി തീര്‍ത്ത്‌ അവിടെത്തിയപ്പോഴേക്കും മണി ആറേ മുപ്പത്നാല്. അവരുടെ ചായകുടിയും കത്തിയടിയും ഒക്കെ കഴിഞ്ഞ് ഇറങ്ങറായിരുന്നു. ഛെ! ടെസ്പ്‌! എന്നാലും വിട്ടുകൊടുക്കാന്‍ പറ്റോ? “നിങ്ങള് വിട്ടോ ഇന്ന് ഞാന്‍ എന്തെങ്കിലും കഴിച്ചിട്ടേ ഉള്ളൂ!” എന്നും പറഞ്ഞോണ്ട് പാഷന്‍ ഫ്രൂട്ടിലേക്ക് വച്ചുപിടിച്ചു. അവിടെ പ്രിന്റെഡ്‌ മെനു കൂടാതെ ഒരു വെള്ള ബോര്‍ഡ്‌ ഉണ്ട്. “Today’s Special – Blue Berry Juice”. ങേ? ഇതെന്താ ഈ ബ്ലൂ ബെറി? ബ്ലാക്ക്‌ ബെറ്റി എന്ന് കേട്ടിട്ടുണ്ട്. ഇനി സ്ട്രോബറിയുടെ വകയിലെ അളിയനോ മറ്റോ ആണോ? എന്തായാലും ഒന്ന് പരീക്ഷിച്ചു കളയാം! ഓര്‍ടറും ക്യാഷും ഒന്നിച്ചു കൊടുത്തിട്ട് സീനെറി കാണാന്‍ പുറത്തു പോയി നിന്നു. അയ്യോ! ഞാന്‍ പറയാന്‍ വിട്ടുപോയി. ടെക്നോപ്പാര്‍ക്കിലെ തേജസ്വിനി ബില്‍ടിങ്ങിന്റെ ഏഴാം നിലയിലാണ് ഇതൊക്കെ നടക്കുന്നത്. തൊട്ടപ്പുറത്ത്, ഒരു പെയര്‍ കാമുകികാമുകന്‍ നോക്കെത്താദൂരത്ത് കണ്ണും നട്ടു നില്‍ക്കുന്നുണ്ട്. പുവര്‍ ഗയ്സ്! എന്നെപ്പോലെ സ്വതന്ത്രമായി ഒറ്റയ്ക്ക് നില്‍ക്കാന്‍ അവര്‍ക്ക് പറ്റുന്നില്ലല്ലോ എന്നോര്‍ത്ത് ഞാന്‍ സഹതപിച്ചു.

ഒരഞ്ചു മിനിറ്റ് അവിടെ പാട്ടും കേട്ടോണ്ട് നിന്നു. “ആരോമലേ….” ആഹാ എന്ത് മനോഹരമായ പാട്ട്! ആരൊക്കെ എന്തൊക്കെ പറഞ്ഞാലും എനിക്ക് വളരെ ഇഷ്ടമാണ് ഈ പാട്ട്. കുറച്ചു കഴിഞ്ഞ് വീണ്ടും പാഷന്‍ ഫ്രൂട്ടിനെ ലക്ഷ്യമാക്കി നീങ്ങി. സംഭവം അവര്‍ അവിടെ ഉണ്ടാക്കി വച്ചിട്ടുണ്ട്. ഏതാണ്ട് ഒരു വയലറ്റും ബ്രൌണും കലര്‍ന്ന നിറത്തില്‍ ഒരു ഐറ്റം. ഗ്ലാസ്സിന്റെ വക്കില്‍ ഗ്ലാമറിന് വേണ്ടി എന്തോ തിരുകി വച്ചിട്ടുണ്ട്. കിട്ടിയപാടെ അതെടുത്ത് വായിലിട്ടു. ആഹാ ഇതായിരുന്നോ? ഇത് നമ്മടെ ഞാവല്‍ പഴമല്ലേ? പണ്ട് ചുമ്മാ ഫ്രീ ആയി പറക്കി കൊണ്ടുപോയി ഉപ്പില്‍ മുക്കിത്തിന്നിരുന്ന സാധനം ഇപ്പോള്‍ അറുപതു രൂപയ്ക്ക്. കാലം പോയൊരു പോക്കേ! ഞാവല്‍ പഴം ഇപ്പോള്‍ കുരുവായി. ഇതിപ്പോ എവിടെ കളയും? വരാന്തയില്‍ നിന്നു ഇടത്തെ കൈ കൊണ്ട് ഒരു ഏറു വച്ചുകൊടുത്തു( വലത്തെ കയില്‍ ഗ്ലാസ് ആയിരുന്നു). താഴെ പാര്‍ക്ക് ചെയ്ത ബൈക്ക് എടുക്കാന്‍ വന്ന ആരുടെയോ തലയില്‍ കൊണ്ടോ എന്നൊരു സംശയം. അതുകൊണ്ട് അവിടെന്നിന്നു തല്‍ക്കാലം ഒന്ന് മാറി നിന്നു. ഇനി അയാള്‍ എങ്ങാനും മുകളില്‍ നോക്കുവാണെങ്കില്‍ ആ കാമുകി കാമുകന്മ്മാരെ കണ്ടോട്ടെ! ടൈറ്റാനിക്കില്‍ ജാക്കും റോസും ചെയ്തപോലെ തുപ്പിക്കളിച്ചതാണെന്നു വിചാരിച്ചോളും. കുരുവും കളഞ്ഞു സ്ട്രോ എടുത്തു വലിച്ചപ്പോഴാണ് വേറൊരു കാര്യം മനസ്സിലായത്‌. ദിപ്പോ തന്നെ കഴിച്ച ഐറ്റത്തിന്റെ  സ്വാദല്ല ജ്യൂസിന്. ആ കറ പിടിച്ച ടേസ്റ്റ് ഉണ്ടെങ്കിലും വേറെന്തോ ചേര്‍ത്ത പോലെ. ഇനി എണ്ണം തികയാത്തതുകൊണ്ട് മുന്തിരി വച്ച് അഡ്ജസ്റ്റ് ചെയ്തതാണോ? ഒരു കണക്കിന് കുടിച്ചു തീര്‍ത്തു തിരികെ കൊണ്ട് വച്ചു. മണി ഏഴ്! ഇനി ഇവിടെ നില്‍ക്കുന്നതെന്തിനാ? വീട്ടില്‍ പോയേക്കാം.

ബാഗെടുത്തു ബസ്സ്‌ കേറാന്‍ തേജസ്വിനിയുടെ മുന്‍പില്‍ വന്നുനിന്നു. കെട്ടിടത്തിന്റെ മുന്‍വശത്തെ തിണ്ണയില്‍ ഒരു മദാമ്മ ഇരിക്കുന്നുണ്ട്‌. അവിടെ ഇരുന്നതിനാണ് ഒരിക്കല്‍ സെക്യുരിറ്റി ഞങ്ങളെ വിസിലടിച്ചു പേടിപ്പിച്ചത്. തൊട്ടടുത്തു നിന്നിട്ടും, ചുമ്മാ വിളിച്ചു പറയേണ്ട കാര്യമേ ഉണ്ടായിരുന്നുള്ളൂ പുള്ളിക്ക്. പക്ഷെ വിസിലടിച്ചാലല്ലേ ആ ജില്ലയിലുള്ള  എല്ലാരും നമ്മളെത്തന്നെ നോക്കുകയും തല്‍ഫലമായി നമ്മള്‍ നാണം കെടുകയും ചെയ്യുകയുള്ളൂ! “ഡോ! ഇവിടെന്താ ഓരോരുത്തര്‍ക്കും ഓരോ നിയമമാണോ?” എന്ന് ചോദിക്കാന്‍ തോന്നി. പക്ഷെ അന്നത്തെ സെക്യുരിറ്റി പഹയനല്ല ഇന്ന്. അങ്ങനെ ആ ടയലോഗ്, ബഫറിലിട്ട സ്ട്രിംഗ് പോലെ എന്റെ മനസ്സില്‍ കിടന്നു. വീട്ടില്‍ പോയി, അരവിദ് അടിഗയുടെ ദി വൈറ്റ് ട്ടൈഗര്‍ ഒന്ന് മറിച്ചു നോക്കി. ആ സെക്യുരിറ്റിയെ മനസ്സില്‍ ധ്യാനിച്ചു കിടന്നു. അപ്പൊ ശരി അന്നാ! ഗുഡ് നൈറ്റ്‌!

Advertisements

3 thoughts on “ബ്ലൂ ബെറി

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )