Category Archives: അനുഭവം

ഓഡിഷന്‍

“An audition is a sample performance by an actor, singer, musician, dancer or other performer. It typically involves the performer displaying their talent through a previously memorized and rehearsed solo piece or by performing a work or piece given to the performer at the audition or shortly before.” – കടപ്പാട്: വിക്കി

സത്ത്യത്തില്‍ ഈ ഓഡിഷന്‍, ഓഡിഷന്‍ എന്ന് പറഞ്ഞാ എന്താന്ന് എനിക്ക് ഒരു ഐഡിയ കിട്ടാന്‍ വേണ്ടി കോപ്പി പേസ്റ്റ് ചെയ്തെന്നേ ഉള്ളൂ.. അതായത്, ഒരു അഭിനേതാവോ, അല്ലെങ്കി സംഗീതജ്ഞനോ സ്വന്തം കഴിവ് പ്രദര്‍ശിപ്പിക്കാന്‍ മുമ്പേ പരിശീലിച്ച ഒരു സോളോ അല്ലെങ്കി സ്പോട്ടില്‍ തന്നെ ആവശ്യപ്പെടുന്ന എന്തേലും ഐറ്റം ചെയ്യുന്നു. എന്റെ ആദ്യത്തെ ഓഡിഷന്‍ അനുഭവത്തെ പറ്റി പറയുന്നതിന് മുമ്പ് ഈ ഓഡിഷന്‍ ഉണ്ടാവാനും അതില്‍ ഞാന്‍ എത്തിപ്പെടാനുമുണ്ടായ അത്ര സംഭവബഹുലമല്ലാത്ത സാഹചര്യങ്ങള്‍ വളരെ ചുരുക്കിയെങ്കിലും പറയണം.

രണ്ടു മൂന്നു കൊല്ലം മുന്‍പാണ് ഞാന്‍ ഗിറ്റാര്‍ പഠിക്കാന്‍ കഴക്കുട്ടം സാംസ് മ്യൂസിക്‌ സ്കൂളില്‍ ചേരുന്നത്. അന്ന് ഈ ജിമ്മി hendrix ആരാ ജിമ്മി പേജ് ആരാ എന്നൊന്നും അറിയില്ലായിരുന്നു (ഇത് വായിക്കുന്നവര്‍ക്ക് അറിയില്ലെങ്കില്‍ ഇവരൊക്കെ ലോകത്തിലെ മഹാന്മാരായ ഗിറ്റാറിസ്റ്റുകളാണ്.) പിന്നെ ഒരു ഇന്സ്പ്പിറേഷന്‍ എന്നൊക്കെ പറയാന്‍ അങ്ങന്യോന്നുല്ല്യെനും. പിന്നെ ഇപ്പൊ ഒരു ആവറേജ് ടെക്കി ചിന്തിക്കുന്ന പോലെ തന്നെ. അമൃത എക്സ്പ്രസ്സിന്റെ വാതില്‍ക്കല്‍ നിന്ന് “നെഞ്ജ്ജുക്കുള്‍ പെയ്തിടും ആ മഴൈ” ഇങ്ങനെ ഒക്കെ ഗിറ്റാര്‍ വായിച്ചു പാടാന്‍ പറ്റുവാണെങ്കി (ഉം! നീ ഒറ്റയ്ക്ക് നിന്ന് പാടെ ള്ളൂ എന്ന് ആരോ മനസ്സില്‍ പറഞ്ഞു). ഇവിടത്തെ ട്രെയിനുകള്‍ക്ക് തീരെ ശബ്ധവുമില്ല.

ഗിറ്റാര്‍ പഠിക്കാന്‍ തുടങ്ങിയപ്പോ ആദ്യം ഉണ്ടായ ഒരു വ്യത്യാസം, കുറച്ചുകൂടെ സ്ട്രോങ്ങ്‌ ജോണേറ്സ് (ഈ genre എന്ന വാക്കിന്റെ ഉച്ചാരണം ഇങ്ങനെയാണെന്ന് ഈയടുത്താണ് മനസ്സിലായത്‌) ആസ്വദിച്ചു തുടങ്ങി. ബാക്ക്സ്ട്രീറ്റ് ബോയ്സും മൈക്കിള്‍ ജാക്ക്സണ്‍ ഉം ഒക്കെ കേട്ടോണ്ടിരുന്ന ഞാന്‍ പതുക്കെ മദര്‍ജേന്‍, അവിയല്‍ മുതലായ മ്മടെ നാട്ടിലെ റോക്ക് ബാന്റുകളിലേക്കും പിന്നെ ഡൌണ്‍ട്രോടടെന്‍സ്, കെവോസ്, തുടങ്ങിയ ഹെവി മെറ്റല്‍ ബാന്റുകളിലേക്കും ശ്രദ്ധതിരിച്ചു. മെറ്റാലിക്ക, അയണ്‍ മേയ്ഡെന്‍ തുടങ്ങിയവ കേള്‍ക്കാരുന്ടെങ്കിലും ലോക്കല്‍ സ്വതന്ത്ര സംഗീതജ്ഞരോടാണ് (indie musicians) പഥ്യം. ഒരു പക്ഷെ ഈ സാധനത്തീന് ശബ്ദം ഉണ്ടാക്കാന്‍ ഇത്ര ബുദ്ധിമുട്ടാണല്ലോ എന്ന ഒരു തിരിച്ചറിവാകാം എന്നെ ഇവരിലോട്ടടുപ്പിച്ചത്.

പഠിക്കുന്നത് ക്ലാസിക്കല്‍ ഗിറ്റാര്‍ ആണ്. ആറ് മാസം കൂടുമ്പോ ലണ്ടന്‍ ആസ്ഥാനമായ ട്രിനിറ്റി മ്യൂസിക്‌ കോളേജിന്റെ ഗ്രേഡ് എക്സാം ഒക്കെ ഉണ്ടാവും. രണ്ടു വര്ഷം ആയപ്പോഴേക്കും ഗ്രേഡ് ത്രീ വരെ ഒരു കണക്കിന് തല്ലികൂട്ടി. അവരുടെ സില്ലബസ്സില്‍ പഠിപ്പിക്കുന്ന പീസുകള്‍ (തെറ്റി ധരിക്കരുത് മ്യൂസിക്‌ പീസ് എന്നാണത്രേ അതിനെ പറയുക) അല്ലാതെ സിനിമ പാട്ടൊന്നും (നെഞ്ചുക്കുള്‍ പെയ്തിടും) അറിയില്ല. അതൊന്നും ഒരു കാരണവശ്ശാലും പഠിക്കരുതെന്നാണ് സാറിന്റെ ഉപദേശം. അതെന്താണാവോ. ഞാന്‍ കുറെ ആലോചിച്ചിട്ടും ഒരു എത്തും പിടിയും കിട്ടിയില്ല.

അങ്ങനെയിരിക്കുമ്പോഴാണ് ടെക്നോപാര്‍ക്കില്‍ ‘നടന’ എന്ന ഒരു സാംസ്കാരിക കൂട്ടായ്മ (അങ്ങനെ എന്തോ ആണ്) രൂപീകരിച്ചത്. അവര്‍ ഒരു ബാന്‍ഡ് തുടങ്ങുന്നുണ്ട്, അതിന്റെ ഓടിഷന്‍ ഒക്കെ അനൌണ്സ് ചെയ്തിരുന്നു. ഒന്ന് പോയി നോക്കിയാലോ. അപ്പോഴേക്കും സ്വന്തമായി ഒരു ബാന്‍ഡ് തുടങ്ങുന്നതൊക്കെ ഞാന്‍ സ്വപ്നം കണ്ടു തുടങ്ങിയിരുന്നു (ഒവ്വാ). ഞാന്‍ സാറിനെ വിളിച്ചു.

“സാറെ ഇങ്ങനെ ഒരു പരിപാടീണ്ട്. ഞാന്‍ എന്താ വേണ്ടേ? നിക്കണാ പോണാ? ”
“Of course you should attend, സില്ലബസ്സിലുള്ള ഏതേലും പീസ് പെര്‍ഫോം ചെയ്തോ”
“അതിനു അത് ഒരെണ്ണം ആകെ ഒന്നോ രണ്ടോ മിനിറ്റ് അല്ലെ ഉള്ളൂ. മിനിമം അഞ്ചു മിനിട്ടാ”
“എന്നാ രണ്ടെണ്ണം പിന്നെക്കുപിന്നാലെ ചെയ്തോളൂ”
“എന്റേല് മറ്റേ സ്റ്റീല്‍ സ്ട്രിംഗ് ഗിറ്റാറെ ഉള്ളു അത് വച്ചു പോരെ?”
“ഏയ്‌ അത് വേണ്ട ഞാന്‍ ഇവിടെന്നു ക്ലാസിക്കല്‍ ഗിറ്റാറും ആമ്പ്ലിഫയറും തരാം”

അവിടെയുള്ള ഒരു കൂതറ ഗിറ്റാര്‍ എടുത്തു തന്നു. അതിന്റെ E string സ്റ്റീലാ (ശരിക്കും നൈലോണ്‍ ആണ് വേണ്ടത്). അത് മാത്രം സൌണ്ട് വേറെയാണ് പ്ലേ ചെയ്യുമ്പോ. അങ്ങനെ എന്റെ പതിനായിരത്തിന്റെ ഗിറ്റാറിനു (യമഹ) പകരം ആയിരത്തഞ്ഞൂറു രൂപേടെ എന്തരോ ഒരു ഗിറ്റാറും അമ്പ്ലിഫയരും ഒക്കെ തൂക്കി ഞാന്‍ യാത്രയായി. ഒരു കണക്കിന് ടെക്നോപാര്‍ക്ക് ക്ലബ്ബില്‍ എത്തി. അവിടെയാണ് ഓഡിഷന്‍.

ഇപ്പോതന്നെ കൊറേ എഴുതിക്കൂട്ടിയോണ്ട് ഞാന്‍ നേരെ ഓഡിഷനിലേക്ക് കടക്കുകയാണ്. എന്റെ പേര് വിളിച്ചപ്പോ ഓഡിഷന്‍ റൂമിലേക്ക്‌ ഞാന്‍ കേറി ചെന്നു. നല്ല വലിയ മുറി. അധികം സാധനങ്ങളൊന്നുമില്ല. നല്ല റിഫ്ലെക്ഷന്‍ ഉണ്ടാവും. വെറുതെ ആമ്പ്ലിഫയര്‍ ഒക്കെ തൂക്കിക്കൊണ്ട്‌ വന്നു. രണ്ടു ജഡ്ജുമാരുണ്ട്. ഒരാളെ കണ്ടാത്തന്നെ അറിയാം അയ്യാള് തബലക്കാരനാ. മറ്റെയാള് ഏതാണാവോ.

ഗായകരുടെ ഓഡിഷന്‍ കഴിഞ്ഞപ്പോ അറിഞ്ഞത് ഇരുപതു പേരെ എടുത്തെന്നാ. ഇന്സ്ട്രുമെന്റുകാര് ആകെ അഞ്ചോ ആറോ മാത്രേ വന്നിട്ടുള്ളു. അതൊക്കെ കേട്ടപ്പോ തന്നെ ഈ ബാന്‍ഡ് നമ്മള്‍ ഉദ്ദേശിക്കുന്ന പോലെയല്ലെന്നു മനസ്സിലായി. അപ്ലൈ ചെയ്യുന്നിടത്ത് ഏതു ജോണറിലുള്ളവര്‍ക്കും അപ്ലൈ ചെയ്യാം എന്ന് പറഞ്ഞപ്പോ ഒരു റോക്ക് ബാന്റോ മറ്റോ ആണ് ഞാന്‍ പ്രതീക്ഷിച്ചത്. എനിക്ക് റോക്ക് പ്ലേ ചെയ്യാന്‍ അറിയില്ലെങ്കില്‍ പോലും അതൊരു റോക്ക് ബാന്‍ഡ് അവാന്‍ ഞാന്‍ ആഗ്രഹിച്ചു… എവടെ! ഇതൊരു ഗാനമേള ട്രൂപ്പ്! അത്രേയുള്ളൂ. അപ്പൊ ഓഡിഷനിലേക്ക്. ക്ലാസിക്കല്‍ പീസ് ഒരു രണ്ടെണ്ണം പ്ലേ ചെയ്തു. ഇത് പ്ലേ ചെയ്യുമ്പോള്‍ ഞാന്‍ കാണുന്നത് ഒന്നുമറിയാതെ വാപൊളിചിരിക്കുന്ന ജഡ്ജുകളെയാണ്. രണ്ടെണ്ണം കഴിഞ്ഞപ്പോഴേക്കും അവര്‍ എന്നെ തടഞ്ഞു.

“സോളോ പ്ലേ ചെയ്യുന്നവരെയല്ല അക്കൊമ്പനിസ്റ്സ് അതായതു ഒരാള്‍ പാട്ട് പാടുമ്പോ പിന്നില്‍ നിന്ന് സപ്പോര്‍ട്ട് ചെയ്യാന്‍ ആണ് ആളെ വേണ്ടത്. ഞങ്ങള്‍ ഒരു ഫ്യൂഷന്‍ ആണ് ഉദേശിക്കുന്നത്. “അതുശരി. ഒക്കെ തീരുമാനിച്ചു വച്ചിരിക്കാണല്ലേ. എന്നാപ്പിന്നെ ഇവമ്മാര്‍ക്ക് കരോക്കേ വച്ചു പാടിയപ്പോരെ? ഗിട്ടാരിസ്റ്റ് ആണെങ്കി അത്യാവശ്യം സോളോ ഒക്കെ ചെയ്യും അല്ലാതെ പാടുന്നവന്‍ മുമ്പില്‍ നിന്ന് സകലവന്മാരുടെയും കയ്യടി വാങ്ങുമ്പോ പിന്നില്‍ നിക്കാന്‍ വേറാളെ നോക്കണം. ഫ്യൂഷനാനത്രേ ഫ്യൂഷന്‍.” ഇത് വെറും ആത്മഗതാഗതം. എന്തായാലും അത് പറ്റില്ലെന്ന് ഞാന്‍ പറഞ്ഞു. ഗിറ്റാറും കോപ്പും ഒക്കെ എടുത്തു ഞാന്‍ റിട്ടേണ്‍. സാറിനെ കണ്ടു കാര്യങ്ങളൊക്കെ പറഞ്ഞു. “അഞ്ചില്‍ പഠിക്കുന്നോനോട് എല്‍ കെ ജി പരീക്ഷ എഴുതാന്‍ പറഞ്ഞപോലെ” എന്ന് സാറിന്റെ കമന്റ്‌ കേട്ടപ്പോ ഒരാശ്വാസം.

പ്രതീക്ഷിച്ച പോലെ തന്നെ ഓഡിഷന്‍ പാസായില്ല. അല്ലെങ്കി ആരാ ആദ്യത്തെ ഓഡിഷന്‍ തന്നെ പാസ്സാവണേ അല്ലെ? എന്തായാലും നന്നായി. ആ ബാന്‍ഡില്‍ ഇപ്പൊ റൊട്ടേഷന്‍ പോളിസി ആണ്. അതായത് ഓരോ പെര്ഫോമാന്സിലും ആളെ മാറ്റും ത്രെ! വെരി ഗുഡ്. ഇതിനിടയില്‍ നോം വേറൊരു ഗിറ്റാറിസ്റ്റിനെ പരിചയപ്പെടുകയും ഞങ്ങള്‍ ഒരു വീഡിയോ ഒക്കെ ഇറക്കുകയും ഉണ്ടായി. ഇവിടെ പറയണം എന്ന് വിചാരിച്ചതല്ല, എന്നാലും അതിനെ പറ്റിയുള്ള ഒരു പോസ്റ്റ്‌ ഇതാ.

Advertisements

പാഠം ഒന്ന്, ഒരപകടം!

കുറച്ചു കാലായി നമ്മ്ടെ മലയാളം ബ്ലോഗ്‌ അഥവാ ഇടിവാളിലേക്ക് ഒന്ന് തിരിഞ്ഞു നോക്കിയിട്ട്. വിഷയ ദാരിദ്ര്യം ഉണ്ടെങ്കിലും, കാവ്യാത്മകമായി എഴുതാന്‍ സമയം കിട്ടാത്ത അവസ്ഥയും ഉണ്ട്. പോരാത്തതിന് നല്ല മടി. പക്ഷേ എന്തൊക്കെ പറഞ്ഞാലും അത്യാവശ്യത്തിന് എഴുതാതിരിക്കാന്‍ പറ്റ്വോ? അങ്ങനെ എഴുതാനും മാത്രം ഇവിടിപ്പോ എന്തത്ത്യാവശ്യാണ്ടായെ? ഒരപകടം!!! യെസ്, ആന്‍ ആസ്ക്കിടെന്റ്.

“കണ്ട പെമ്പിള്ളാരെ ഒക്കെ ആലോയിച്ചോണ്ട് വണ്ടിയോടിച്ചാ ഇങ്ങനെയിരിക്കും”
“നിന്നോടന്നേ ഞാന്‍ പറഞ്ഞതല്ലേ സ്പീഡില്‍ പോവരുതെന്ന്‍? നിനക്കങ്ങനെ തന്നെ വേണം”
“എനിക്ക് നിന്നോടൊരു സഹതാപവുമില്ല, വെറും ഫുച്ഛം മാത്രം”

എനിക്കൊരപകടം ഉണ്ടായെന്നു കേട്ട് ചങ്ക്തകര്ന്നു പോയ ആത്മമിത്രങ്ങളുടെയും ആരാധകരുടെയും തിരഞ്ഞെടുത്ത പ്രതികരണങ്ങളാണ് മുകളില്‍ കാണിച്ചിരിക്കുന്നത്. അപ്പോപ്പിന്നെ കാര്യത്തിലേക്ക് കടക്കാം. എപ്പോ? എങ്ങനെ? എവിടെ? ഇതാദ്യം അങ്ങട് പറയാം. സംഭവം നടക്കുന്നത് നട്ടുച്ചക്ക് ഏതാണ്ട് ഒരു നാലുമണി ആയിക്കാണും. ഞാന്‍ പിന്നെ യീ പാര്‍ട്ടൈം ആയി ബി-ടെക് ഒക്കെ ചെയ്യുന്നോണ്ട്, പരീക്ഷയ്ക്ക് മുന്‍പെങ്കിലും ലാബ്‌ റെക്കോര്‍ഡ്‌‌ ഒക്കെ വെയ്ക്കുന്ന പരിപാടിയുണ്ട്. ക്ലാസ്സില്‍ ഞാനൊഴികെ ബാക്കിയെല്ലാവരും സര്ട്ടി ഫൈ ചെയ്തു വാങ്ങി എന്ന് ഉറപ്പു വരുത്തിയതിനു ശേഷം, വരണോരേം പോണോരേം ഒക്കെ കൊണ്ടെഴുതിച്ച് അവിയല്‍ പരുവമായ റെക്കോര്‍ഡ്‌ എടുത്തോണ്ട് ന്നോം യാത്ര തിരിക്കുകയാണ്. നാലുമണിക്ക് സ്റ്റാഫ്‌ റൂം അടയ്ക്കും. ഇപ്പൊ സമയം മൂന്നെ അമ്പത്‌. പത്തു മിനിട്ടില്‍ എട്ടു കിലോമീറ്റര്‍! മിനിഞ്ഞാന്ന് കണ്ട പടത്തില്‍ (ട്രാഫിക്ക്) നൂറ്റമ്പത് കിലോമീറ്റര്‍ രണ്ടു മണിക്കൂറില്‍ ആയിരുന്നു. ഹും! അതിനെ കടത്തി വെട്ടണം! അങ്ങനെ റെക്കോര്‍ഡും ബാഗിലിട്ട് ബൈക്ക് (യമഹ R15) എടുത്ത്‌ ഓഫീസില്‍നിന്ന് കോളേജിലേക്ക്!

ഇപ്പൊ നിങ്ങള്‍ വിചാരിക്കും ഈ പോയ പോക്കിലാണ് ഞാന്‍ ഏതോ വണ്ടിക്ക് അടവച്ചതെന്ന്! എന്നാ അങ്ങനെയല്ല. കറക്റ്റ്‌ സമയത്ത് കോളേജിലെത്തി സാര്‍ ഇല്ലാത്ത നേരം നോക്കി റെക്കോര്‍ഡ്‌‌ ടേബിളില്‍ വച്ച് നേരെ റിട്ടേണ്‍! കോളേജ് റോഡ്‌ കഴിഞ്ഞു ചാവടിമുക്കില്നി‌ന്ന് ഇടത്തോട്ട് തിരിഞ്ഞ് നേരെ കഴക്കൂട്ടത്തോട്ട് വച്ചു പിടിച്ചു. ഏതാണ്ട് മാങ്കുഴി എത്താറായപ്പോ ഒരു പയ്യന്‍ ലിഫ്റ്റിന് കൈ കാണിച്ചു. ഒരു കാരണവശാലും ആര്‍ക്കും ലിഫ്റ്റ്‌ കൊടുക്കരുതെന്നുള്ള ആശാന്‍റെ ഉപദേശം മാനിച്ച് ഞാന്‍ വണ്ടീടെ സ്പീഡ് കുറച്ചുകൂടെ കൂട്ടി. അപ്പൊ ദേ ഒരു മാരുതി 800! വലത്തോട്ട് ഇന്റിക്കേറ്റര്‍ ഇട്ടിട്ടുണ്ട് ബട്ട്‌ വലത്തോട്ട് വഴിയൊന്നും കാണാനില്ല! പുള്ളി അടുത്ത ജങ്ക്ഷന്‍ ആവും ഉദേശിച്ചത്! പിന്നെ ഒന്നും നോക്കീല്ല, ഞാന്‍ വണ്ടി കേറ്റി എടുത്തതും അയാള് വലത്തോട്ട് രോറ്റ വള! ഇടിച്ച പാടെ ഞാന്‍ തെറിച്ചു പോയി എന്നിട്ട് റോഡിന്റെറ സൈടിലാണ് ലാന്‍റെയ്തത്. എന്നിട്ട് നാല് റൌണ്ട് ഉരുണ്ടു പോയി! കൊറച്ചു നേരത്തേക്ക് സ്വര്‍ഗാണോ, നരകാണോ എന്നൊനുമറിയില്ല, എന്താണ്ടൊക്കെയോ കണ്ടു! ആള്‍ക്കാരൊക്കെ ഓടിക്കൂടി, അവസാനം ടെമ്പോ ഡ്രൈവര്‍ സതീശന്‍ ചേട്ടനാണ് എന്നെ ഹോസ്പിറ്റലില്‍ എത്തിച്ചത്‌. നന്ദിയുണ്ട് ചേട്ടാ നന്ദിയുണ്ട്! ഹെല്‍മെറ്റ് വച്ചതുകൊണ്ട് ഗ്ലാമറിന് കോട്ടമൊന്നും തട്ടിയില്ല. കാലിന്റെ രണ്ടു മുട്ടിലും തോളിലും പെയിന്റ് പോയിട്ടുണ്ട്, പിന്നെ ഇടത്തേ കയ്യില്‍ നിന്ന് ഒരു പീസ്‌ പോയിട്ടുണ്ട് അവിടെ സ്ടിച്ച് ഇട്ടു. രണ്ടു കാലിനും എക്സ്റേ എടുത്തു എന്നിട്ട് നേഴ്സ് ചോദിച്ചു: “ഇടത്തെ കാലിനാണോ അതോ വലത്തെ കാലിനാണോ വേദന?” രണ്ടിനും ഏതാണ്ട് ഒരുപോലെയായിരുന്നെങ്കിലും അവരെ വെറുതെ ആശയക്കുഴപ്പത്തില്‍ ആക്കണ്ടാന്നു കരുതി ഞാന്‍ ഇടത്തേ കാല്‍ കാണിച്ചു കൊടുത്തു. “ങാ! ഇടത്തേ കാലിന്റെ പാദത്തില്‍ ചെറിയ ഫ്രാക്ച്ചര്‍ ഉണ്ട്” അതുശരി. പിന്നെന്തിനാ എക്സ്റേ?, ഞാന്‍ മനസ്സില്‍ പറഞ്ഞു. ഹും എന്തെങ്കിലും ആവട്ടെ, സംഗതി ശരിയായി കിട്ടിയാമാതി. പാച്ച് വര്‍ക്ക്‌‌ ഒക്കെ കഴിഞ്ഞ് അന്ന് തന്നെ ഡിസ്ചാര്‍ജ് ചെയ്തു.

വീട്ടില്‍ എത്തിയപ്പോഴാണ് ഞാന്‍ അത് ശ്രദ്ധിച്ചത്. ഷര്ട്ടും പാന്റും കീറി പോയിട്ടുണ്ട്. പോരാത്തതിന് പാന്റില്‍ ആകെ ഒരു പച്ച നിറം! ങേ ഇതെങ്ങിനെ വന്നു? പിന്നെയാണ് മനസ്സിലായത്‌. ആ കാറിന്റെ നിറം പച്ചയായിരുന്നു! ഇതിനിടെ വേറൊരു മഹാന്‍ ആ കീറിയ ഷര്ടും പാന്റും ഇട്ടു മദ്ദളം കൊട്ടാന്‍ പോണ പോലെ വിരലിലും കൈയിലുമൊക്കെ ബാന്‍ഡ് എയിഡ്‌ ഇട്ടിരിക്കുന്ന എന്‍റെ ഫോട്ടോ എടുത്ത് ഫെയിസ്ബുക്കില്‍ പബ്ലിഷെയ്തു. നടക്കാന്‍ പറ്റാതോണ്ട് രണ്ടു ദിവസത്തേക്ക് ലീവ് ആയിരുന്നു. അങ്ങനെ ആദ്യത്തെ ദിവസം ഏതാണ്ട് ഉച്ചയായപ്പോ ഓഫീസീന്ന് ഒരുത്തന്‍ വിളിച്ചേക്കുന്നൂ! “സീറ്റില്‍ കാണാനില്ലല്ലോ കഴിക്കാന്‍ വരുന്നില്ലേ?” “അപ്പൊ നീ വിശേഷോന്നും അറിഞ്ഞില്ലേ?” ഈ കഥയൊക്കെ അവനോടും പറഞ്ഞുകൊടുത്തു. കുറച്ചുകഴിഞ്ഞു നമ്മുടെ സ്വന്തം പ്രൊജക്റ്റ്‌ മാനെയര്‍. “രാഗേഷ്‌! ഇപ്പോള്‍ എങ്ങനെയുണ്ട്? വേദന കുറവുണ്ടോ?” ഒരു ഫോര്മാനലിറ്റിക്ക് ഞാന്‍ കുഴപ്പമില്ലാന്നു പറഞ്ഞു. “ആ പിന്നെ, നമ്മുടെ വര്‍ക്ക്‌‌ ടൈറ്റ് ആണെന്നറിയാലോ, കസ്റ്റമര്‍ അടുത്ത ആഴ്ച്ച വരും. ഡെമോ കാണിക്കണ്ടേ? പറ്റുമെങ്കില്‍ നാളെ മുതല്‍ വരാമോ?”! “ഞാന്‍ വരാന്‍ ശ്രമിക്കാം” അല്ലാതെ പിന്നെ എന്ത് പറയാന്‍! അപ്പ്രൈസല്‍ ആവാറായി. നമ്ടെ കയ്യിലിരിപ്പ് വച്ച് ആവറേജ് മാത്രമേ പ്രതീക്ഷയുള്ളൂ. ഇനി അതൂടെ പോയാ, ധനനഷ്ട്ടം, മാനഹാഹി, മൊത്തത്തില്‍ ജീവിതം സില്‍സില! ഓഫീസിലേക്ക് പോവുന്നതാണ് ആരോഗ്യത്തിനു നല്ലത്. പിറ്റേന്ന് വീണ്ടും ആശുപത്രിയില്‍ പോയി മുറിവുകളൊക്കെ ഡ്രസ്സ്‌ ചെയ്തു. അങ്ങനെ ഒരുകണക്കിന് ഓഫീസില്‍ എത്തിപ്പെട്ടു. പ്രോജെക്ക്റ്റില്‍ ഉള്ള മിക്കവരും ഇങ്ങനെ ഒരു സംഭവം ഉണ്ടായ കാര്യം അറിഞ്ഞിട്ടില്ല. പിന്നെ ഞാന്‍ തന്നെ എല്ലാരോടും പോയി പറഞ്ഞു. ഇപ്പോഴും ഇതൊന്നും അറിയാത്ത പലരുമുണ്ട് അവര്ക്കു കൂടെ വേണ്ടിയാണ് ഈ പോസ്റ്റ്‌.

നടക്കാന്‍ പറ്റാതിരുന്ന ദിവസ്സങ്ങളിലോക്കെ പറ്റാവുന്ന സഹായങ്ങള്‍ ചെയ്തു തന്ന കുറച്ച് പേരുണ്ട്. അവരോട് ഒരു ചടങ്ങിനു വേണ്ടി മാത്രം ഞാന്‍ നന്ദി പറയുന്നില്ല! ഇനി വണ്ടി നന്നാക്കണം, ഇന്‍ഷൂറന്‍സ് ക്ലെയിം ചെയ്യണം, പണിയെത്രയാ ബാക്കി! ഇനി മേലാക്കം ഇന്റിക്കേറ്റര്‍ ഇട്ട വണ്ടിയുടെ അടുത്തൂടെ പോലും പോവില്ല.

ബ്ലൂ ബെറി

നാളെ റിലീസ് ഉണ്ട്. ഒന്ന് രണ്ട് ഇഷ്യൂസ് എനിക്ക് അസ്സൈന്‍ ചെയ്തിട്ട് ഒരാഴ്ചയായി, കാര്യമായ ഔട്ട്‌പുട്ട് ഒന്നുമില്ല. ട്വീറ്റ് ഒഴിഞ്ഞിട്ട് കാശിക്കു പോകാന്‍ നേരമില്ലാത്തോണ്ടാണെന്ന് തെറ്റിദ്ധരിക്കരുത്. സത്യം പറഞ്ഞാല്‍, എല്ലാം വെറും കൂതറ ഇഷ്യൂസ് ആണ്. അല്ലേല്‍ ഇങ്ങനെ ഉണ്ടോ ഒരു ഇഷ്യൂ? ഓണ്‍സൈറ്റില്‍ മാത്രേ കിട്ടത്തുള്ളൂ. എന്നിട്ട് അതിന്റെ ലോഗും അയച്ചു തന്നിട്ടുണ്ട്. നമ്മുടെ പണി സിമ്പിളാണ്. ഈ ലോഗ് നോക്കി ഊഹം വച്ച് ഇന്ത്യ റോക്കെറ്റ്‌ വിടുന്നപോലെ ഒരു ഫിക്സ് അങ്ങ് ചെയ്തേക്കണം. പിന്നെ വരുന്നിടത്ത് വച്ച്. പക്ക്ഷേ ഇതൊക്കെ പറഞ്ഞാ ആ മോഡ്യൂള്‍ ലീഡ് എന്ന് പറയുന്ന ആ അല്ലെങ്ങില്‍ വേണ്ട, മാന്യന് മനസ്സിലാകുമോ? ആ! അത്യാവശ്യം ഒക്കെ മനസ്സിലാവും എന്ന് തോന്നുന്നു. അല്ലെങ്ങില്‍ എപ്പോഴേ പറയത്തില്ലായിരുന്നോ: “കൊറേ നേരമായല്ലോ വച്ചോണ്ടിരിക്കുന്നു, പറ്റത്തില്ലെങ്ങി കളഞ്ഞിട്ടു പോടേ!”

ഹാവൂ! ആശ്വാസായി! ആരുടെയൊക്കെയോ പുണ്യം കൊണ്ട് ഒരെണ്ണം അങ്ങ് ഫിക്സ് ആയി. പക്ഷെ എന്ത് പറയാനാ? സമയം നോക്കിയപ്പോ ആറുമണി. ആറുമണിക്ക് മുമ്പ് കോളേജില്‍ ചെന്നില്ലെങ്ങില്‍ അറ്റണ്ടന്‍സ് രെജിസ്റ്ററില്‍ ഒപ്പിടാന്‍ സമ്മതിക്കില്ല അവിടത്തെ പ്രിന്‍സിപ്പാള്‍! ഓ! ഇനീപ്പോ പോയിട്ടെന്താ കാര്യം? ഇന്ന് PSPC ഇല്ല അതുകൊണ്ട് ഒരു രസമുണ്ടാവില്ല (ആ വിഷയം എടുക്കുന്ന സുന്ദരിയായ ടീച്ചറെ നോക്കിയിരിക്കുന്ന കാര്യമല്ല ഉദ്ദേശിച്ചത്. സത്യായിട്ടും!) കുറെ നാളായി പഴേ ചായകുടി സംഘത്തില്‍ റിപ്പോര്‍ട്ട്‌ ചെയ്തിട്ട്. പണ്ട് സ്ഥിരമായി പോവാറുള്ളതല്ലേ? എത്രനാളായി ആ ചിക്ക് കിങ്ങിലും, പാഷന്‍ ഫ്രൂട്ടിലും പോയി അലംബുണ്ടാക്കിയിട്ട്? അല്ലേലും വിനയകുന്ന്വിതനായി നില്‍ക്കുന്ന സപ്ലയറെ ചുമ്മാ ചൊറിഞ്ഞു തെറിവിളിപ്പിക്കുക എന്ന് പറയുന്നത് ഒരു കലയാണ്‌.

അങ്ങനെ സ്വപ്നം കണ്ടിരിക്കുംബോഴാ വേറൊരു പണി കിട്ടിയത്. അപ്പോഴേക്കും ചായകുടി സംഘം മുകളിലേക്ക് വിട്ടിരുന്നു. പണി തീര്‍ത്ത്‌ അവിടെത്തിയപ്പോഴേക്കും മണി ആറേ മുപ്പത്നാല്. അവരുടെ ചായകുടിയും കത്തിയടിയും ഒക്കെ കഴിഞ്ഞ് ഇറങ്ങറായിരുന്നു. ഛെ! ടെസ്പ്‌! എന്നാലും വിട്ടുകൊടുക്കാന്‍ പറ്റോ? “നിങ്ങള് വിട്ടോ ഇന്ന് ഞാന്‍ എന്തെങ്കിലും കഴിച്ചിട്ടേ ഉള്ളൂ!” എന്നും പറഞ്ഞോണ്ട് പാഷന്‍ ഫ്രൂട്ടിലേക്ക് വച്ചുപിടിച്ചു. അവിടെ പ്രിന്റെഡ്‌ മെനു കൂടാതെ ഒരു വെള്ള ബോര്‍ഡ്‌ ഉണ്ട്. “Today’s Special – Blue Berry Juice”. ങേ? ഇതെന്താ ഈ ബ്ലൂ ബെറി? ബ്ലാക്ക്‌ ബെറ്റി എന്ന് കേട്ടിട്ടുണ്ട്. ഇനി സ്ട്രോബറിയുടെ വകയിലെ അളിയനോ മറ്റോ ആണോ? എന്തായാലും ഒന്ന് പരീക്ഷിച്ചു കളയാം! ഓര്‍ടറും ക്യാഷും ഒന്നിച്ചു കൊടുത്തിട്ട് സീനെറി കാണാന്‍ പുറത്തു പോയി നിന്നു. അയ്യോ! ഞാന്‍ പറയാന്‍ വിട്ടുപോയി. ടെക്നോപ്പാര്‍ക്കിലെ തേജസ്വിനി ബില്‍ടിങ്ങിന്റെ ഏഴാം നിലയിലാണ് ഇതൊക്കെ നടക്കുന്നത്. തൊട്ടപ്പുറത്ത്, ഒരു പെയര്‍ കാമുകികാമുകന്‍ നോക്കെത്താദൂരത്ത് കണ്ണും നട്ടു നില്‍ക്കുന്നുണ്ട്. പുവര്‍ ഗയ്സ്! എന്നെപ്പോലെ സ്വതന്ത്രമായി ഒറ്റയ്ക്ക് നില്‍ക്കാന്‍ അവര്‍ക്ക് പറ്റുന്നില്ലല്ലോ എന്നോര്‍ത്ത് ഞാന്‍ സഹതപിച്ചു.

ഒരഞ്ചു മിനിറ്റ് അവിടെ പാട്ടും കേട്ടോണ്ട് നിന്നു. “ആരോമലേ….” ആഹാ എന്ത് മനോഹരമായ പാട്ട്! ആരൊക്കെ എന്തൊക്കെ പറഞ്ഞാലും എനിക്ക് വളരെ ഇഷ്ടമാണ് ഈ പാട്ട്. കുറച്ചു കഴിഞ്ഞ് വീണ്ടും പാഷന്‍ ഫ്രൂട്ടിനെ ലക്ഷ്യമാക്കി നീങ്ങി. സംഭവം അവര്‍ അവിടെ ഉണ്ടാക്കി വച്ചിട്ടുണ്ട്. ഏതാണ്ട് ഒരു വയലറ്റും ബ്രൌണും കലര്‍ന്ന നിറത്തില്‍ ഒരു ഐറ്റം. ഗ്ലാസ്സിന്റെ വക്കില്‍ ഗ്ലാമറിന് വേണ്ടി എന്തോ തിരുകി വച്ചിട്ടുണ്ട്. കിട്ടിയപാടെ അതെടുത്ത് വായിലിട്ടു. ആഹാ ഇതായിരുന്നോ? ഇത് നമ്മടെ ഞാവല്‍ പഴമല്ലേ? പണ്ട് ചുമ്മാ ഫ്രീ ആയി പറക്കി കൊണ്ടുപോയി ഉപ്പില്‍ മുക്കിത്തിന്നിരുന്ന സാധനം ഇപ്പോള്‍ അറുപതു രൂപയ്ക്ക്. കാലം പോയൊരു പോക്കേ! ഞാവല്‍ പഴം ഇപ്പോള്‍ കുരുവായി. ഇതിപ്പോ എവിടെ കളയും? വരാന്തയില്‍ നിന്നു ഇടത്തെ കൈ കൊണ്ട് ഒരു ഏറു വച്ചുകൊടുത്തു( വലത്തെ കയില്‍ ഗ്ലാസ് ആയിരുന്നു). താഴെ പാര്‍ക്ക് ചെയ്ത ബൈക്ക് എടുക്കാന്‍ വന്ന ആരുടെയോ തലയില്‍ കൊണ്ടോ എന്നൊരു സംശയം. അതുകൊണ്ട് അവിടെന്നിന്നു തല്‍ക്കാലം ഒന്ന് മാറി നിന്നു. ഇനി അയാള്‍ എങ്ങാനും മുകളില്‍ നോക്കുവാണെങ്കില്‍ ആ കാമുകി കാമുകന്മ്മാരെ കണ്ടോട്ടെ! ടൈറ്റാനിക്കില്‍ ജാക്കും റോസും ചെയ്തപോലെ തുപ്പിക്കളിച്ചതാണെന്നു വിചാരിച്ചോളും. കുരുവും കളഞ്ഞു സ്ട്രോ എടുത്തു വലിച്ചപ്പോഴാണ് വേറൊരു കാര്യം മനസ്സിലായത്‌. ദിപ്പോ തന്നെ കഴിച്ച ഐറ്റത്തിന്റെ  സ്വാദല്ല ജ്യൂസിന്. ആ കറ പിടിച്ച ടേസ്റ്റ് ഉണ്ടെങ്കിലും വേറെന്തോ ചേര്‍ത്ത പോലെ. ഇനി എണ്ണം തികയാത്തതുകൊണ്ട് മുന്തിരി വച്ച് അഡ്ജസ്റ്റ് ചെയ്തതാണോ? ഒരു കണക്കിന് കുടിച്ചു തീര്‍ത്തു തിരികെ കൊണ്ട് വച്ചു. മണി ഏഴ്! ഇനി ഇവിടെ നില്‍ക്കുന്നതെന്തിനാ? വീട്ടില്‍ പോയേക്കാം.

ബാഗെടുത്തു ബസ്സ്‌ കേറാന്‍ തേജസ്വിനിയുടെ മുന്‍പില്‍ വന്നുനിന്നു. കെട്ടിടത്തിന്റെ മുന്‍വശത്തെ തിണ്ണയില്‍ ഒരു മദാമ്മ ഇരിക്കുന്നുണ്ട്‌. അവിടെ ഇരുന്നതിനാണ് ഒരിക്കല്‍ സെക്യുരിറ്റി ഞങ്ങളെ വിസിലടിച്ചു പേടിപ്പിച്ചത്. തൊട്ടടുത്തു നിന്നിട്ടും, ചുമ്മാ വിളിച്ചു പറയേണ്ട കാര്യമേ ഉണ്ടായിരുന്നുള്ളൂ പുള്ളിക്ക്. പക്ഷെ വിസിലടിച്ചാലല്ലേ ആ ജില്ലയിലുള്ള  എല്ലാരും നമ്മളെത്തന്നെ നോക്കുകയും തല്‍ഫലമായി നമ്മള്‍ നാണം കെടുകയും ചെയ്യുകയുള്ളൂ! “ഡോ! ഇവിടെന്താ ഓരോരുത്തര്‍ക്കും ഓരോ നിയമമാണോ?” എന്ന് ചോദിക്കാന്‍ തോന്നി. പക്ഷെ അന്നത്തെ സെക്യുരിറ്റി പഹയനല്ല ഇന്ന്. അങ്ങനെ ആ ടയലോഗ്, ബഫറിലിട്ട സ്ട്രിംഗ് പോലെ എന്റെ മനസ്സില്‍ കിടന്നു. വീട്ടില്‍ പോയി, അരവിദ് അടിഗയുടെ ദി വൈറ്റ് ട്ടൈഗര്‍ ഒന്ന് മറിച്ചു നോക്കി. ആ സെക്യുരിറ്റിയെ മനസ്സില്‍ ധ്യാനിച്ചു കിടന്നു. അപ്പൊ ശരി അന്നാ! ഗുഡ് നൈറ്റ്‌!

ബി ഒന്ന്, മുപ്പത്തിനാല്

അങ്ങനെ രണ്ടു കൊല്ലത്തെ കഠിന പ്രയത്നത്തിന്റെ ഫലമായി, പാര്‍ട്ട്‌-ടൈം ബി-ടെക് കോഴ്സിനു തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജില്‍ അഡ്മിഷന്‍ കിട്ടി. സോറി, അഡ്മിഷന്‍ അല്ല, അല്ലോട്ട്മെന്റ്റ്‌ ആയി. എട്ടാന്തിയാണ് അഡ്മിഷന്‍. പിന്നെ കഠിന പ്രയത്നം എന്ന് പറഞ്ഞാല്‍ തെറ്റിദ്ധരിക്കാന്‍ മാത്രം ഒന്നുമില്ല, കഴിഞ്ഞ കൊല്ലം യോഗ്യത ഉണ്ടായിട്ടും അഡ്മിഷന്‍ കിട്ടിയിരുന്നില്ല. എന്‍.സി.സി ഗ്രേസ് മാര്‍ക്ക്‌ കൂട്ടി ഡിപ്ലോമ മാര്‍ക്ക്‌ ലിസ്റ്റില്‍ ഇട്ടപ്പോള്‍ അവര്‍ എനിക്കുവേണ്ടി മറ്റൊരുപകാരം കൂടെ ചെയ്തു. മാര്‍ക്ക്‌ലിസ്റ്റിന്റെ തിയതി പുതുക്കി. കഷ്ടകാലത്തിന് ബി-ടെക് അഡ്മിഷന്‍ കിട്ടാന്‍ ടിപ്ലോമയുടെ മാര്‍ക്കിന്റെ കൂടെ എക്സ്പീരിയന്‍സ് നോക്കുന്നത് മാര്‍ക്ക്‌ലിസ്റ്റിന്റെ തീയതി വച്ചായിരുന്നു. ആ ഒരൊറ്റ കാരണം കൊണ്ട് എന്റെ അപേക്ഷ തള്ളി. അത് ശരിയാക്കാന്‍ വേണ്ടി, സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്ലും, കോളേജിലും, പിന്നെ അങ്ങനെ കുറെ സ്ഥലങ്ങളില്‍ ഓടി നടന്നതിനെ അനുസ്മരിച്ചാണ് കഠിന പ്രയത്നം എന്ന് പറഞ്ഞത്.

ശ്ശൊ! ഞാന്‍ മാറ്ററീന്നേ പോയി! അപ്പൊ എട്ടാന്തി അഡ്മിഷന് ഡിപ്ലോമേടെ സര്‍ട്ടിഫിക്കറ്റ് ഒക്കെ കൊണ്ട് ചെല്ലണം! അതാണെങ്കില്‍ നാട്ടിലും (തൃശൂര്‍). വൈകിയില്ല, ടിക്കറ്റ്‌ രണ്ടെണ്ണം ബൂക്കെയ്ടു, ഒന്ന് വെള്ളിയാഴ്ച രാത്രിക്കും, പിന്നെ ഞായറാഴ്ച ഉച്ചയ്ക്ക് തിരിച്ചും. ബുക്കെയ്തു ഒരു മിനിറ്റേ ആയുള്ളൂ അപ്പോഴേക്കും നമ്മടെ പ്രൊജക്റ്റ്‌ ലീഡ്‌  ഒരു മീറ്റിംഗ് വിളിച്ചു! “ഇപ്പോള്‍ നമ്മുടെ പ്രോജെക്റ്റിന്റെ നിര്‍ണ്ണായകമായ ഘട്ടമാണ്, അതുകൊണ്ട് എല്ലാരും പരമാവതി ശനിയാഴ്ച വരാന്‍ ശ്രമിക്കുക!” ഹോ! സന്തോഷമായി ഗോപിയേട്ടാ (എന്റെ അച്ഛനെ അല്ല ഉദ്ദേശിച്ചത്) ഒരു രണ്ടു മിനിട്ട് മുന്പേ പറഞ്ഞിരുന്നെങ്ങില്‍ ക്യാന്‍സല്‍ ചെയ്യുന്നതിന്റെ ഒരു ഫോര്‍ട്ടി മണീസ് പോവില്ലായിരുന്നു. ക്യാന്‍സല്‍ ചെയ്തു ബുക്ക്‌ ചെയ്യാന്‍ നോക്കിയപ്പൊ ഒരൊറ്റ ട്രെയിനിലും ടിക്കറ്റ്‌ ഇല്ല! പിന്നെ കുറേ ചുഴിഞ്ഞു നോക്കിയപ്പോ ദേ കെടക്കുണൂ ഗുരുവായൂര്‍ എക്സ്പ്രസ്സില്‍ ഒരു ത്രീ ടയര്‍ എ സി തല്‍ക്കാല്‍ ടിക്കറ്റ്‌! ഒരു നിമിഷം പാഴാക്കാതെ അത് ബുക്ക്‌ ചെയ്തു, ശനിയാഴ്ച രാത്രിക്ക് ! അങ്ങനെ മൊത്തം ഒരു 600 രൂപ കല്ലായി. ഈ തല്‍ക്കാല്‍ എന്നൊക്കെ പറയുമ്പോ ചെന്നൈ മുതല്‍ ഗുരുവായൂര്‍ വരെ ഉള്ള കാശുകൊടുക്കണം. അതും പോരാഞ്ഞ് ഒരു ത്രീ ടയര്‍ എ.സി!

പറഞ്ഞകണക്കിന്, ശനിയാഴ്ച ഓഫീസിലോക്കെ പോയി, വീട്ടില്‍ വന്നു രണ്ടു സിനിമയൊക്കെ കണ്ടു, രാത്രി ഒരു പത്തുമണി ആവാറായി. ഇറങ്ങാന്‍ നില്‍ക്കുമ്പോഴാ മറ്റൊരു സത്യം ഞാന്‍ മനസ്സിലാക്കുന്നത് ! വേറൊന്നുമല്ല, സ്ഥിരം സംഭവിക്കാറുള്ള പോലെ, ഇ-ടിക്കറ്റ്‌ പ്രിന്റൌട്ട് എടുത്തിട്ടില്ല! “ഈ നേരത്ത്‌ എവിടുന്നെടുക്കാനാ, ഐ.ഡി ഉള്ളതുകൊണ്ട് ഒരു അമ്പതു രൂപ പിഴ അടച്ചാല്‍ മതിയാവും! പോട്ടെ”. ബസ്സ്റ്റോപ്പില്‍ എത്തിയപ്പോള്‍ ഭാഗ്യത്തിന് ഒരു കഫെ ഉണ്ടായിരുന്നു. അവിടെന്ന് പ്രിന്റൌട്ട് എടുത്തു നേരെ റെയില്‍വേ സ്റ്റേഷനിലേക്ക്  വച്ചുപിടിച്ചു. പ്രൈവറ്റ് സര്‍വീസ് നടത്തുന്ന ഒരു ഒമിനി വാന്‍ ആണ് കിട്ടിയത് . അതാണെങ്കില്‍ വഴിയില്‍ വച്ച്  ഒന്നു പഞ്ചറാവുകയും ചെയ്തു! വേറൊരു സംഗതി എന്താന്നുവച്ചാ, ഈ ഒമിനിക്കാര്‍ എന്നോട് ഹിന്ദിയിലാ സംസാരിച്ചിരുന്നേ! അവര്‍ക്ക് മലയാളം അറിയുന്നുണ്ടാവില്ലേ? എനിക്ക് സംശയമായി. ഇറങ്ങാന്‍ നേരത്ത് ഞാന്‍ ഒരു നൂറിന്റെ നോട്ടെടുത്ത് കൊടുത്തു. “ചെയ്ഞ്ച് ഇല്ലാതെ ഓരോരുത്തന്മാര് കുറ്റീം പറിച്ച് ഇറങ്ങിയിരിക്കുന്നു. ചെയ്ഞ്ച് ഹേ ക്യാ?” ഇപ്പൊ സംഗതി പിടികിട്ടി. “ഇല്ല” എന്റെ ഉത്തരം കേട്ട് തൊട്ടടുത്തിരുന്ന കാര്‍ന്നോര്‍ ചോദിച്ചു “മലയാളം മാലൂം?” “മലയാളിയാണ്.” അതില്‍ അവര്‍ ശരിക്കും കിടുങ്ങി! “സോറി അറിയാതെ പറ്റിയതാണ് മന്നസ്സിലായില്ല അതാ” എന്നൊക്കെ പറഞ്ഞവര്‍ തടിതപ്പി! എന്റെ വേഷഭൂഷാതികള്‍ കണ്ടിട്ടാണോ, അതോ ടെക്നോപാര്‍ക്ക്‌ വന്നേപ്പിന്നെയുള്ള വന്‍പിച്ച നോര്‍ത്തിന്ത്യന്‍ ഭൂരിപക്ഷം കാരണമാണോ എന്നറിയില്ല, പാവങ്ങള്‍ ഞാന്‍ ഹിന്ദിക്കാരനാണെന്നാ വിചാരിച്ചത്.

അങ്ങനെ ഒരുകണക്കിന് ട്രെയിനില്‍ കേറി കെടന്നു. റെയില്‍വേ വഹ കംബിളിയൊക്കെ വിരിച്ചു, ബാഗും തലയ്ക്കു വച്ച് അങ്ങനെ കെടക്കുംബോഴാണ് ആ മൃദു നിഹ്രാദം എന്നെ വിളിച്ചുണര്‍ത്തിയത്. “ബി വണ്‍ തേര്‍ട്ടി ഫോര്‍ റിസര്‍വ്ട് ആണേ!” നോക്കിയപ്പോ കാണാന്‍ തരക്കേടില്ലാത്ത ഒരു പെണ്‍കുട്ടി! ങ്ങേ? ഇനി തിയതി മാറിയാണോ ബുക്ക്‌ ചെയ്തത്? ടിക്കറ്റ്‌ എടുത്തു തലങ്ങും വിലങ്ങും നോക്കി എന്റെ കറക്റ്റ് ആണ്! ബട്ട്‌, പുള്ളിക്കാരിയുടെ ടിക്കറ്റും കറക്റ്റ് ആണ്! അതെങ്ങനെ സംഭവിച്ചു? എത്ര ആലോചിച്ചിട്ടും എനിക്ക് പിടികിട്ടിയില്ല. ആ കുട്ടി, കൊല്ലത്തുന്നു ഗുരുവായുരിലേക്കാണ് പോവുന്നത്. ഒരേ ബര്‍ത്ത്, പക്ഷെ രണ്ടു ടിക്കെറ്റുകള്‍. രണ്ടും തല്‍ക്കാല്‍ ബുക്കിംഗ് ആണ്. കൊല്ലത്തുന്നു കയറിയതുകൊണ്ട് സോഫ്റ്റ്‌വെയര്‍ ഫീല്‍ഡില്‍ വലിയ പിടി കാണില്ലെന്ന് ഞാന്‍ ഊഹിച്ചു! “ഡാറ്റാബേസ് ഇഷ്യൂ എന്തേലും ആയിരിക്കും!” ധൈര്യമായി ഞാന്‍ തള്ളി! അവള്‍ ഒന്ന് മൂളി. “ഇയാള്‍ കിടന്നോളൂ!” എന്ന് അവള്‍ ഇടയ്ക്ക് പറയുന്നുണ്ടായിരുന്നു.  ഞാന്‍ രണ്ടു ടിക്കറ്റ്‌ നമ്പരും റിസര്‍വേഷന്‍ സ്റ്റാറ്റസ് കിട്ടുന്ന നമ്പരിലേക്ക് എസ്.എം.എസ് അയച്ചു. ടിക്കറ്റിലുള്ള അതേപടി അതില്‍നിന്നും മറുപടി കിട്ടി! “ശ്ശെ! ഇതിങ്ങനെ വരാന്‍ സാധ്യത ഇല്ലല്ലോ? അപ്പോള്‍ എങ്ങോട്ട് പോവുന്നെന്നാ പറഞ്ഞെ?” പരിചയപ്പെടാനുള്ള എന്റെ ശ്രമത്തെ തടയാനെന്നവണ്ണം, കോപ്പിലെ ട്ടി.ട്ടി! വേറെ ബെര്‍ത്തുണ്ടെന്നുപറഞ്ഞു മൂപ്പരവളെ വിളിച്ചോണ്ട് പോയി!

ശ്ശെടാ! നല്ലൊരു പെണ്‍കുട്ടിയായിരുന്നു! എന്നാലും ഒരു ബെര്‍ത്തില്‍ രണ്ടു ടിക്കറ്റ്‌ എങ്ങനെ വന്നു?

തെങ്ങും പൂവ്!

ഒന്നുരണ്ടു പോസ്റ്റുകള്‍ കഴിഞ്ഞാല്‍ നമ്മടെ നാടന്‍ സഹ ബ്ലോഗ്ഗന്മാര്‍ ചെയ്യുന്ന ഒരു പരിപാടിയുണ്ട്. ബാല്യത്തിന്‍റെ മച്ചിന്‍പുറത്തേക്ക് ഒരെത്തിനോട്ടം! ആ ചടങ്ങ് ഞാനും തെറ്റിക്കുന്നില്ല. പക്ഷെ എന്ത് പറയാനാ? ഒന്നുരണ്ടു ഒണക്ക കൊട്ടത്തേങ്ങ അല്ലാതെ വേറൊന്നും നമ്മടെ മച്ചിന്‍പുറത്ത് കാണുന്നില്ല! ശ്ശെ! നാണക്കേടാക്ക്വോ? ഹും! എന്തെങ്ങില്വാവട്ടെ!

പണ്ടുപണ്ടെന്നു പറഞ്ഞാല്‍ വളരെ പണ്ട്, കൊല്ലവര്‍ഷം 1988 ഡിസംബറിലെ ഒരു തണുത്ത.. ഓ പിന്നെ! നട്ടുച്ചക്ക് കൊടും തണുപ്പല്ലേ? ആ ഏതാണ്ട് ഒരു പതിനൊന്നുമണിക്ക് നോം ഭൂജാതനായി. ആ ലോകാലിറ്റിയിലെ കാണാന്‍ കൊള്ളാവുന്ന പയ്യന്‍സ് ആയതുകൊണ്ട് അവിടത്തെ പെണ്‍പിള്ളാരൊക്കെ എന്നെ എപ്പോഴും എടുത്തോണ്ട് നടക്കുമായിരുന്നു. സത്യായിട്ടും! എന്താ എന്നെ വിശ്വാസല്ല്യെ? ഇപ്പൊ ഇങ്ങനെ ഇരിക്കണനോക്കണ്ട! പണ്ട് ഞാന്‍ ഫയങ്കര ഗ്ലാമര്‍ ആയിരുന്നു. അങ്ങനെ വിലസുന്നതിനിടെയാണ് ഞെട്ടിക്കുന്ന ആ സത്യം ഞാന്‍ അറിഞ്ഞത്! അച്ഛന്‍ എന്നെ സ്കൂളില്‍ ചേര്‍ത്താന്‍ പോണൂ! പക്ഷെ എന്തോ, ഞാന്‍ ഞെട്ടിയില്ല! പിന്നേ, വെറ്റില മുറുക്കി നടക്കണ ജോസേട്ടനെ വരെ എനിക്ക് പേടിയില്ല, പിന്നെയാണ് ഇതുവരെ കാണാത്ത ഒരു ഉസ്കൂള്!

അങ്ങനെ സ്കൂളില്‍ ചേര്‍ത്തുന്ന ദിവസമായി. അച്ഛനും ഞാനും ഓട്ടോയിലാണ് സ്കൂളിലേക്ക് പോയത്. പള്ളിസ്കൂള്‍, കപ്പല്‍ പള്ളി, എന്നൊക്കെ അറിയപ്പെടുന്ന സെന്‍റ് ജോസഫ്സ്‌ സ്കൂള്‍. ആ സ്കൂളിന്‍റെ ഒപ്പമുള്ള പള്ളി വലിയൊരു കപ്പലിന്‍റെ ആകൃതിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. എന്‍റെ ഓര്‍മ ശരിയാണെങ്കില്‍ അന്നത്തെ പ്രിന്‍സിപ്പല്‍ ലോറന്‍സ് മാഷാണ്. വെളുത്തു മെലിഞ്ഞു മുടി നരച്ച് കണ്ണട വച്ചൊരു രൂപം. ഒരു വടി കൂടെ കയ്യില്‍ ഉണ്ടെങ്കില്‍ നനഞ്ഞ ട്രൗസര്‍ മാറ്റേണ്ടിവരും! പക്ഷെ അച്ഛന്‍ കൂടെയുള്ളതുകൊണ്ട് വല്ലാത്ത ധൈര്യായിരുന്നു.

ഇംഗ്ലീഷ് മീഡിയം ആയോണ്ട് എല്‍കെജിയിലേക്ക് അഡ്മിഷന്‍ കിട്ടാന്‍ ഇന്റര്‍വ്യു ഒക്കെ ഉണ്ട്. അമ്മ വീട്ടീന്ന് ഒക്കെ പഠിപ്പിച്ചു വിട്ടിരുന്നു. ഇഷ്ടപ്പെട്ട പൂവ്?: റോസ്, ആരാവണം?: ഡോക്ടര്‍ അല്ലെങ്ങില്‍ എഞ്ചിനീയര്‍, അങ്ങനെ പലതും. ചിന്തിച്ചു തീരും മുമ്പേ ചോദ്യം വന്നു. “ഇഷ്ടപ്പെട്ട പൂവേതാ?” യു നോ, ഐ വാസ്‌ വെരി ഇന്നോവേറ്റീവ് അറ്റ്‌ ദാറ്റ്‌ ഏജ്‌ ഇറ്സെല്ഫ്‌! “തെങ്ങും പൂവ്.” എന്‍റെ ഉത്തരം കേട്ട് പ്രിന്‍സിപ്പലും, ക്ലെര്‍ക്കും ഞെട്ടി! “തെങ്ങും പൂവോ? അങ്ങനെ ഒരു പൂവുണ്ടോ?” “പിന്നില്ലാതെ? തെങ്ങീന്ന്‍ വീണു കെടക്കണ കണ്ടിട്ടില്ലേ?” എനിക്ക് നല്ല ഉറപ്പായിരുന്നു അച്ഛന്‍ ആദ്യായി പൂവെന്നു പറഞ്ഞു കാണിച്ചു തന്ന സാധനം അതാണെന്ന് തോന്നുന്നു. അന്ന് മുറ്റത്ത് രണ്ടു തെങ്ങുണ്ടായിരുന്നു അതില്‍നിന്നു പൊഴിഞ്ഞു വീഴുന്ന പൂക്കുലക്കതിരാണ് അന്നത്തെ എന്‍റെ സങ്കല്‍പ്പത്തിലെ പൂവ്. അടുത്ത ചോദ്യവും പ്രതീക്ഷിച്ചപോലെത്തന്നെ. “ആരാവാനാ ആഗ്രഹം?” ചെറുപ്പത്തിലെ ആരാധനാ പുരുഷന്മാര്‍ എന്ന് പറയുന്നത് അവിടെയൊക്കെ ചുമ്മാ തെണ്ടിത്തിരിഞ്ഞു നടന്നിരുന്ന ചേട്ടന്മാരായിരുന്നു. പെട്ടെന്ന് വലുതാകണം എന്ന ചിന്തയില്‍ ഞാന്‍ പറഞ്ഞു: “രാഗേഷ്‌ ചേട്ടന്‍.” പറഞ്ഞതില്‍ അവസാനത്തെ വാക്കങ്ങോട്ടു പുറത്തുവന്നില്ല! എല്ലാരും പിന്നേം ഞെട്ടി! മറ്റുള്ളവരെ പോലെ ആവാന്‍ ആഗ്രഹമില്ല, എനിക്ക് ഞാനാവണം എന്ന അര്‍ത്ഥത്തില്‍ അവര്‍ അതിനെ വ്യാഖ്യാനിച്ചു. ഈ ചെറുപ്രായത്തില്‍ ഇത്ര പക്വതയോ എന്നവര്‍ ചിന്തിച്ചു കാണണം. കൂടുതല്‍ ചോദ്യങ്ങള്‍ ഒന്നുമുണ്ടായില്ല. അഡ്മിഷനും കിട്ടി, ഡൊണേഷനും അടച്ചു!

അഡ്മിഷനു പോയ ശുഷ്കാന്തിയൊന്നും ശരിക്കും സ്കൂളില്‍ പോവുമ്പോ ഉണ്ടായിരുന്നില്ല എന്നത് മറ്റൊരു സത്യം! പോത്തുകളെ അറക്കാന്‍ കൊണ്ട് പോണപോലെ വണ്ടിയില്‍ പിള്ളാരെ അട്ടിയിട്ടു കൊണ്ടുപോവുന്ന ഓട്ടോ ചേട്ടന്മാര്‍. ക്ലാസ്സില്‍ പോയാല്‍ പൂതം കണക്കിരിക്കുന്ന ബേബി ടീച്ചര്‍. ഒരൊന്നൊന്നര മാസം കരച്ചിലിന്‍റെ മേളായിരുന്നു. ക്ലാസില്‍ ചെന്നാല്‍ നല്ല കോറസ് കിട്ടും. അല്ലാ? ഇവര്‍ക്ക് ഈ എല്‍കെജിയില്‍ പഠിപ്പിക്കാന്‍ ഇത്തിരി കാണാന്‍ കൊള്ളാവുന്ന പെണ്‍പിള്ളാരെ വച്ചാല്‍ എന്താ കൊഴപ്പം? കൊണ്ട് പോവുന്ന വഴിക്ക്‌ ഓട്ടോയില്‍ നിന്ന് ചാടി ഓടി രക്ഷപ്പെട്ട സംഭവങ്ങള്‍ വരെ ഉണ്ടായിട്ടുണ്ട്.

വാല്‍കഷണം: എന്നെ ഇന്റര്‍വ്യൂ ചെയ്തത് നാലാം ക്ലാസില്‍ വച്ച് എന്നെ തല്ലി നേരെയാക്കിയ വര്‍ഗീസ് അചിങ്ങാടന്‍ എന്ന മാക്സ് സാറാണെന്നും അഭ്യുഹങ്ങളുണ്ട്.

Like This!

Facebook | Digg | Del.icio.us | Stumbleupon | Reddit | Blinklist | Twitter | Technorati | Yahoo Buzz | Newsvine

Add to Google Buzz